Wednesday, August 19, 2009

യുക്തിവാദം: കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും

യുക്തിവാദം: കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും
കടപ്പാട്: ഇ.എ.ജബ്ബാര്‍

കഅബ കഴുകല്‍ കേവലം ഒരു വൃത്തിയാക്കല്‍ മാത്രമാണെന്നും അതിനു വിഗ്രഹപരമായ പവിത്രതയൊന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ ആധുനിക ഇസ്ലാം ബുദ്ധിജീവികള്‍ പാടു പെടുന്നതു കാണാം. ഇസ്ലാമില്‍ വിഗ്രഹാരാധനയൊന്നും തന്നെയില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടുണ്ടാക്കുക മാത്രമാണ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാമിലെ വിഗ്രഹാരാധനയെകുറിച്ച് ഒരു പ്രഭാഷണത്തിനിടെ ഇ.എ.ജബ്ബാര്‍ നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ‘പ്രബോധന’ ത്തിലെ ചോദ്യോത്തരക്കാരന്‍ നല്‍കിയ മറുപടിയുടെ പ്രസക്തഭാഗങ്ങളും അതിനു പിന്നീട് ജബ്ബാര്‍‍ നല്‍കിയ മറുവാദങ്ങളും ഇവിടെ സംക്ഷിപ്തമായി വിവരിക്കാം. [പ്രബോധനക്കാര്‍ പിന്നെ മിണ്ടിയിട്ടില്ല]

1999-നവ.28 ലെ പ്രബോധനത്തില്‍ വന്ന മുജീബിന്റെ മറുപടിയുടെ ചുരുക്കം:-

“ആരാധനയെന്നാല്‍ പരമമായ വന്ദനവും ആദരവും പൂജയും ചേര്‍ന്നതാണ്. വിഗ്രഹത്തെ ആരാധിക്കുന്നവര്‍ അവയ്ക്ക് ദിവ്യത്വവും പവിത്രതയും കല്‍പ്പിക്കുന്നവരാണ്. അതുകൊണ്ടാണു വിഗ്രഹങ്ങള്‍ മോഷണം പോയാല്‍ കലാപവും കൊലയുമൊക്കെ നടക്കുന്നത്. പകരം മറ്റൊന്നു പ്രതിഷ്ഠിച്ച് പ്രശ്നം പരിഹരിക്കാന്‍ പോലും ആരാധകര്‍ തയ്യാറല്ല. വിഗ്രഹപൂജകര്‍ വിഗ്രഹങ്ങളെ സ്നാനം ചെയ്യിക്കലും അവയ്ക്കു പൂമാല ചാര്‍ത്തലും അവയെ സാഘോഷം എഴുന്നള്ളിക്കലും സാധാരണമാണ്. ഇതിനു തുല്യമായ ഒരു ചടങ്ങും ഇസ്ലാമിലില്ല. ഹജറുല്‍ അസ്വദ് എന്ന ശില ഹജ്ജിന്റെ ഭാഗമായ പ്രദക്ഷിണവേളയില്‍ അഭിവാദ്യത്തിനുള്ള ചിഹ്ന്നം മാത്രമാണ്. കഅബക്കോ ഹജറുല്‍ അസ്വദിനോ എന്തെങ്കിലും പവിത്രതയോ ദിവ്യത്വമോ ഉള്ളതായി മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നില്ല. ”
ഇതിനു ഇ.എ.ജബ്ബാര്‍‍ നല്‍കിയ മറുപടി:-

വിഗ്രഹാരാധനയുടെ ചളിക്കുണ്ടില്‍ നിന്നും ഇസ്ലാമിനെ മാത്രമായി കഴുകിയെടുക്കാനുള്ള ഒരു ദുര്‍ബ്ബലശ്രമം മാത്രമായേ ഈ ന്യായീകരണങ്ങളെ വിലയിരുത്താനാവൂ.

ആരാധന എന്നതിനു സാമാന്യമായി വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥതലത്തില്‍ നിന്നും അടര്‍ത്തി മാറ്റി പുതിയ നിര്‍വ്വചനങ്ങള്‍ ചമയ്ക്കേണ്ടത് മുസ്ലിം ബുദ്ധിജീവികള്‍ക്കിന്നു ആവശ്യമായി വന്നിരിക്കുന്നു എന്നതാണു പ്രശ്നം. പരമമായ പൂജ, പരമമായ വന്ദനം എന്നൊക്കെ നിര്‍വ്വചിച്ചതുകൊണ്ടു മാത്രം ഇസ്ലാമിലെ ക്ഷേത്രപ്രദക്ഷിണവും ശിലാചുംബനവും ചെകുത്താനേറുമൊക്കെ വിഗ്രഹാരാധനയുടെ പട്ടികയില്‍നിന്നും ഒഴിവാക്കപ്പെടുമോ? ഈശ്വരനു പ്രതീകങ്ങളുണ്ടാക്കി അതിനു മുമ്പില്‍ വണങ്ങുകയും വലം വെക്കുകയും ബലിയര്‍പ്പിക്കുകയുമൊക്കെ ചെയ്യുന്ന പ്രാകൃത ആരാധനാ സമ്പ്രദായത്തിനാണു സാമാന്യമായ അര്‍ത്ഥത്തില്‍ വിഗ്രഹാരാധന എന്നു പറയുന്നത്. ബഹുദൈവാരാധനയെ നിരാകരിക്കുന്ന ഇസ്ലാം വിഗ്രഹാരാധനയില്‍നിന്നും പൂര്‍ണമായി മുക്തി നേടി എന്നു പറയാനാവില്ല. അറേബ്യയില്‍ ബിംബാരാധനയുടെ പ്രധാന കേന്ദ്രമായിരുന്നു മക്ക. കഅബാ ക്ഷേത്രത്തില്‍ ആ പ്രദേശത്തറിയപ്പെട്ടിരുന്ന മിക്ക ഗോത്രദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. ആണ്ടിലൊരിക്കല്‍ എല്ലാ സമീപ ഗോത്രക്കാരും തീര്‍ത്ഥാടകരായി മക്കയില്‍ വന്നെത്തുമായിരുന്നു. ഇത് ഗോത്രങ്ങളെ പരസ്പരം സഹകരിപ്പിക്കുന്നതിനും ഗോത്രാന്തരമായ ചില പെരുമാറ്റച്ചട്ടങ്ങള്‍ രൂപപ്പെടുന്നതിനും സഹായകമായി. മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ ഔന്നത്യത്തിനും പുരോഗതിക്കും പ്രധാന നിമിത്തമായത് ഈ ഹജ്ജ് തീര്‍ത്ഥാടനം തന്നെയായിരുന്നു. ബഹുദെവാരാധനയെ മഹാപാപമായി വിശേഷിപ്പിച്ചുകൊണ്ട് രംഗത്തു വന്ന മുഹമ്മദ് മക്കാ നഗരം കീഴടക്കിയ സന്ദര്‍ഭത്തില്‍ ഈ ക്ഷേത്രത്തില്‍നിന്നും അല്ലാഹുവേതര ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നീക്കം ചെയ്യുകയും എല്ലാ പ്രതീകങ്ങളും അല്ലാഹുവിന്റേതു മാത്രമാക്കി പരിഷ്കരിക്കുകയുമാണു ചെയ്തത്. മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല. ക അബാ‍ മണ്ഡപത്തിനുള്ളില്‍ ഒരു കിണറ്റില്‍ പ്രതിഷ്ഠിച്ചിരുന്ന പ്രധാന ദൈവമായിരുന്നു ഹുബല്‍ . നരബലി പോലുള്ള പ്രധാന ചടങ്ങുകള്‍ ഹുബലിനെ മുന്‍ നിര്‍ത്തിയാണു നടത്തിയിരുന്നത്. ഇതര ഗോത്രങ്ങളുടെ ദൈവങ്ങളായ ലാത്ത ,മനാത്ത ,ഉസ്സ തുടങ്ങിയവയെ പേരെടുത്തു വിമര്‍ശിച്ച ഖുര്‍ ആനില്‍ ഖുറൈശീ ദൈവമായ ഈ ഹുബലിനെക്കുറിച്ചും പരാമര്‍ശങ്ങളില്ല. കഅബയിലെ വിഗ്രഹങ്ങള്‍ എടുത്തു മാറ്റിയ കൂട്ടത്തില്‍ ഹുബല്‍ ഉള്‍‍പ്പെട്ടിരുന്നോ എന്നും ,ഇപ്പോള്‍ അതവിടെത്തന്നെയുണ്ടോ എന്നും വ്യക്തമല്ല. ഹജറുല്‍ അസവദ് എന്ന പവിത്രശിലയെ കുറിച്ച് ഒട്ടേറെ അല്‍ഭുത കഥകളും ഐതിഹ്യങ്ങളും അറേബ്യയില്‍ പ്രചരിച്ചിരുന്നു. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കിയതാണാ കല്ലെന്നും ആദ്യം അതു വെളുത്ത നിറമായിരുന്നു എന്നും പിന്നീട് ഭക്തജനങ്ങളുടെ ചുംബനത്തോടൊപ്പം അവരുടെ പാപങ്ങള്‍ ഏറ്റു വാങ്ങിയതിനാല്‍ ക്രമേണ ക്രമേണ കറുപ്പു നിറമായി എന്നും വിശ്വസിക്കപ്പെട്ടിരുന്നു. തിര്‍മിദി ഉദ്ധരിച്ച ഒരു ഹദീസ് കാണുക:-
Some Muslims also accept this hadith, from Tirmidhi, which asserts that at the Last Judgement (Qiyamah), the Black Stone will speak for those who kissed it:It was narrated that Ibn ‘Abbas said: The Messenger of Allah said concerning the Stone: "By Allah, Allah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity."[15]
പ്രബോധനക്കാര്‍ പറയും പോലെ ഇതു വെറും ഒരു അടയാളക്കല്ലു മാത്രമായിരുന്നില്ല എന്നതിനു ഇസ്ലാം ചരിത്രത്തില്‍ തന്നെ തെളിവുണ്ട്. ഒരിക്കല്‍ കഅബ പുതുക്കിപ്പണിതപ്പോള്‍ ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെ ചൊല്ലി നാലു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും വഴക്കു മൂത്തു യുദ്ധത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭത്തില്‍ ചെറുപ്പക്കാരനായ മുഹമ്മദ് പ്രശ്നത്തിനു പരിഹാരമുണ്ടാക്കി എന്നും പറയുന്നു. നിലത്തു വിരിച്ച ഒരു തുണിയില്‍ വിഗ്രഹം വെച്ച് നാലു കുടുംബക്കാരും ഒപ്പം പിടിച്ചുകൊണ്ട് കല്ലിന്റെ പ്രതിഷ്ഠ നടത്താനായിരുന്നു നിര്‍ദ്ദേശം. ഇതു മുഹമ്മദിന്റെ യുക്തി വൈഭവത്തെ ഉയര്‍ത്തിക്കാണിക്കാനായി ചരിത്രകാരന്മാര്‍ ഉദ്ധരിച്ച സംഭവമാണ്. ഹജറുല്‍ അസ്വദ് വെറും ഒരു ‘സര്‍വ്വേരിക്കല്ല്’ മാത്രമായിരുന്നില്ല എന്നതിന് ഇതില്‍ പരം എന്തു തെളിവാണു വേണ്ടത്? ശിലാചുംബനം പോലുള്ള ആചാരങ്ങളോട് നബിയുടെ വിശ്വസ്തരായിരുന്ന അനുചരന്മാര്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. “നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ ഈ കല്ലിനോട് പരിഹാസരൂപത്തില്‍ പറഞ്ഞതായി ബുഖാരിയില്‍ ഹദീസുണ്ട്. സ്വന്തം അനുയായികള്‍ പോലും എതിര്‍ത്തിട്ടും മുഹമ്മദ് എന്തുകൊണ്ടാണ് മുശ് രിക്കുകളുടെ അനുഷ്ഠാനങ്ങള്‍ ഇസ്ലാമിലെ പ്രധാന അരാധനാരീതിയായി നിലനിര്‍ത്തിയത്? മുസ്ലിം ബുദ്ധിജീവികളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സമസ്യയാണിത്. എന്നാല്‍ മുഹമ്മദിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ യുക്തി പൂര്‍വ്വം വിശകലനം ചെയ്യുകയും ചരിത്രത്തിന്റെ വരികള്‍ക്കിടയിലൂടെ മുന്‍ വിധികളില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ഇരട്ടത്താപ്പിന്റെ കാരണം കണ്ടെത്താന്‍ പ്രയാസമില്ല.മുഹമ്മദിന്റെ ജന്മനഗരമായ മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ പ്രാധാന്യവും നിലനില്‍പ്പും ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതായിരുന്നുവല്ലോ. ഖുറൈശീ ഗോത്രത്തിന്റെ പ്രതാപവും പ്രശസ്തിയും കഅബ ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നിരുന്നു. അറേബ്യയുടെ മുഴുവന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഈ പുണ്യ നഗരത്തിന്റെ ആധിപത്യം മുഹമ്മദിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അദ്ദേഹം കണ്ടെത്തിയ ഒരു മാര്‍ഗ്ഗം മാത്രായിരുന്നു പുതിയ മതത്തിന്റെ രൂപീകരണവും പ്രവാചകത്വവും മറ്റും.മക്കാ നഗരം തനിക്കധീനപ്പെട്ടതോടെ ബിംബാരാധനയോടും മറ്റും മുഹമ്മദിനുണ്ടായിരുന്ന മനോഭാവത്തില്‍ പ്രകടമായ മാറ്റം ദൃശ്യമായി. കഅബാ ക്ഷേത്രവും അവിടെയുണ്ടായിരുന്ന തീര്‍ത്ഥാടനവും വിഗ്രഹപൂജയുമൊക്കെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ മക്കാവിജയത്തോടെ അദ്ദേഹത്തിനു കഴിയുമായിരുന്നു. പക്ഷെ തന്ത്രശാലിയായ ആ ഭരണാധികാരി തന്റെ ജന്മദേശത്തിന്റെ സാംസ്കാരികത്തനിമയും സാമ്പത്തിക ഭദ്രതയും തകര്‍ക്കാന്‍ തയ്യാറായില്ല. മക്കയുടെ പ്രശസ്തിയും പ്രതാപവും തന്റെ സാമ്രാജ്യത്തോടൊപ്പം വളര്‍ന്നു പന്തലിക്കണം എന്നു മാത്രമേ അദ്ദേഹം ആഗ്രഹിച്ചുള്ളു. മാത്രമല്ല , കീഴടക്കപ്പെട്ട മക്കാ നിവാസികളെ മനപ്രയാസമില്ലാതെ കൂടെ നിര്‍ത്താന്‍ ഈ നടപടി ഉപകരിക്കുമെന്ന ദീര്‍ഘവീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കക്കാര്‍ മാത്രം ആചരിച്ചു വന്ന സഫാ മര്‍വാ പ്രദക്ഷിണം മദീനക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഹജ്ജില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തിയും ഇതു തന്നെയായിരുന്നു. മുശ്രിക്കുകളുടേതായ എല്ലാ അനുഷ്ഠാനങ്ങളും ഇസ്ലാമിന്റേതാക്കി പരിവര്‍ത്തനം ചെയ്യാന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഉയര്‍ന്ന രാഷ്ട്ര തന്ത്രജ്ഞതയും കുശാഗ്ര ബുദ്ധിയുമല്ലാതെ മറ്റൊന്നുമല്ല!തങ്ങളുടെ ക്ഷേത്രവും ദൈവങ്ങളും നശിപ്പിക്കപ്പെട്ടാല്‍ മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ അസ്തിത്വം അപകടത്തിലാകുമെന്ന ആശങ്ക തന്നെയാണ് ഖുറൈശികളെ ഇസ്ലാമിന്റെ ആദ്യകാല പ്രബോധനവേളയില്‍ മുഹമ്മദില്‍ നിന്നും അകറ്റിയ പ്രധാന കാര്യം. ഇതു തന്നെയാണ് ഹജ്ജു തീര്‍ത്ഥാടനം ഇസ്ലാമിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നായി നിലനിര്‍ത്താന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചതും. ഇവിടെ തൌഹീദും ശിര്‍ക്കും സമന്വയിപ്പിക്കുന്നതിനായി തന്ത്രപൂര്‍വ്വം ചില ന്യായങ്ങള്‍ അദ്ദേഹം കണ്ടെത്തി. അബ്രഹാമിന്റെ ഏകദൈവാരാധനയെ മക്കയിലെ വിഗ്രഹപൂജയുമായി കൂട്ടിയിണക്കാന്‍ മുഹമ്മദ് നെയ്തുണ്ടാക്കിയ കഥകള്‍ക്ക് ചരിത്രപരമായി മറ്റൊരു തെളിവും ഇല്ല.കഅബക്കും ഹജറുല്‍ അസ് വദിനും യാതൊരു പവിത്രതയും കല്‍പ്പിക്കുന്നില്ല എന്ന ആധുനിക മുസ്ലിം ബുദ്ധിജീവികളുടെ വാദം നിലനില്‍ക്കുന്നതല്ല. നമസ്കാരത്തിനു കഅബയെ ലക്ഷ്യമാക്കുന്നത് ദിശാബോധം ലഭിക്കാന്‍ മാത്രമാണെന്ന വാദവും പ്രശ്നത്തെ ലഘൂകരിക്കാനുള്ള ഒരു പാഴ് ശ്രമം മാത്രമാണ്. ബ്രഹ്മാണ്ഢം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ഈശ്വര ചൈതന്യത്തിനു മനുഷ്യരുടെ ആത്മാവുമായി സംവദിക്കാന്‍ ഒരു കല്‍മണ്ഡപവും മൂലക്കല്ലും വേണ്ടതുണ്ടോ? ഖിബ്ല വെറും ദിശാബോധമുണ്ടാക്കാനുള്ളതാണെന്നു വാദത്തിനു സമ്മതിച്ചാല്‍ തന്നെ കൊടുങ്ങല്ലൂരും പളനിയിലുമൊക്കെ നടക്കുന്നതു പോലെയുള്ള ക്ഷേത്രപ്രദക്ഷിണം കഅബയ്ക്കു ചുറ്റും നടത്തുന്നതെന്തിന്? മലമൂത്ര വിസര്‍ജ്ജനവേളയില്‍ പോലും മുസ്ലിംങ്ങള്‍ ഈ പുണ്യ ഗേഹത്തിന്റെ പരിശുദ്ധി കാക്കാന്‍ ജാഗ്രത പാലിക്കുന്നതെന്തുകൊണ്ട്? ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ മക്കയില്‍ പോയി മൃഗബ്വലി നടത്തുന്നതും തലമുണ്ഢനം ചെയ്യുന്നതും കല്ലെടുത്തെറിയുന്നതുമൊക്കെ എന്തുദ്ദേശ്യത്തോടെയാണ്? ഇതൊന്നും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആരാധനാകര്‍മ്മങ്ങള്‍ അല്ലേ? ഇതൊന്നും വിഗ്രഹാരാധനയല്ല എങ്കില്‍ പിന്നെ എന്താണു വിഗ്രഹാരാധന എന്നു വിശദീകരിക്കേണ്ടത് മുസ്ലിം ബു ജി കളുടെ കടമയാണ്.ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്തുന്ന ഹിന്ദു വിശ്വാസികളാരും തങ്ങള്‍ ആരാധിക്കുന്നത് അവിടെ പ്രതിഷ്ഠിച്ചിട്ടുള്ള കല്ലിനെയോ ലോഹപ്രതിമയെയോ ആണെന്നു പറയാറില്ല. ആ ശില്പം എഴുന്നേറ്റുവന്ന് എന്തെങ്കിലും കൊടുക്കുമെന്നും അവരാരും കരുതുന്നില്ല. ഈശ്വരനുമായി സംവദിക്കാന്‍ -മനസ്സിന് ഏകാഗ്രത ലഭിക്കാന്‍ -ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുന്നു എന്നേ അവരും പറയുന്നുള്ളു. ഹിന്ദുവിന്റെ ശ്രീകോവിലും മുസ്ലിമിന്റെ ഖിബ് ലയും ആരാധനയുടെ കാര്യത്തില്‍ ഒരേ ധര്‍മ്മം തന്നെയാണു നിര്‍വ്വഹിക്കുന്നത് എന്നിരിക്കെ അതില്‍ ഒന്നു ശിര്‍ക്കും മറ്റേതു തൌഹീദും ആകുന്നതിന്റെ യുക്തിയൊന്നു വിശദീകരിക്കാമോ?വിഗ്രഹം കളവു പോയാല്‍ കലാപമുണ്ടാകും എന്നാണു ഓ അബ്ദുറഹിമാന്‍ പറയുന്ന മറ്റൊരു ലക്ഷണം. കളവു പോകട്ടെ മുസ്ലിം വിഗ്രഹങ്ങള്‍ ഏതെങ്കിലും തരത്തില്‍ നിന്ദിക്കപ്പെട്ടാല്‍ പോലും കഥയെന്താകുമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളു. കഅബയിലെ കരിങ്കല്ല് ഒരിക്കല്‍ മനോരോഗിയായ ഒരാള്‍ കുത്തിപ്പൊട്ടിച്ചു വീട്ടില്‍ കൊണ്ടു പോയി. ആളൊഴിഞ്ഞ നേരം നോക്കിയായിരുന്നു വിഗ്രഹമോഷണം. വിവരം കാട്ടു തീ പോലെ പരന്നു. മോഷ്ടാവു പിടിക്കപ്പെട്ടു. വിചാരണ പോലും കൂടാതെ ആ മനുഷ്യന്റെ തല വെട്ടി. പൊട്ടിയ കല്ലിന്‍ കഷ്ണങ്ങള്‍ കൂട്ടി ഒട്ടിച്ച് തത്സ്ഥാനത്തു തന്നെ പ്രതിഷ്ഠിച്ചു. ഇതിന്റെ പേരില്‍ ഒരു കലാപത്തിനു തന്നെ കളമൊരുങ്ങിയതായും പറയപ്പെടുന്നു. പ്രബോധനം “ലക്ഷണം” പറഞ്ഞപോലെ പകരം മറ്റൊരു കല്ലു പ്രതിഷ്ഠിച്ച് പ്രശ്നം പരിഹരിക്കപ്പെടുകയുണ്ടായില്ല! അങ്ങിനെ ചെയ്യാന്‍ ആരാധകര്‍ തയ്യാറായിരുന്നെങ്കില്‍ മനോരോഗിയായ ഒരു നരപരാധി കൊല്ലപ്പെടുമായിരുന്നില്ലല്ലൊ.വിഗ്രഹങ്ങളെ സ്നാനം ചെയ്യിക്കലും പൂമാല ചാര്‍ത്തലും സാഘോഷം എഴുന്നള്ളിച്ചു കൊണ്ടു നടക്കലുമൊക്കെയാണു പ്രബോധനം വിവരിക്കുന്ന മറ്റു ലക്ഷണങ്ങള്‍ . ഇതൊക്കെയാണു വിഗ്രഹാരാധനയുടെ ലക്ഷണങ്ങളെങ്കില്‍ കഅബയും ഒന്നാംതരം ലക്ഷണമൊത്ത പൂജാബിംബം തന്നെ! ആണ്ടു തോറും അതിനെ സംസം വെള്ളവും പനിനീരും കൊണ്ടു സ്നാനം ചെയ്യിക്കുന്നു. ഇതു നമ്മുടെ ഫൈസലും കൂട്ടരും പറയും പോലെ വെറും വാട്ടര്‍ സര്‍വ്വീസിങ് മാത്രമല്ല. ഒരു ചടങ്ങു തന്നെയാണ്. സൌദി രാജാക്കന്മാര്‍ നേരിട്ടു പങ്കെടുക്കുന്ന പ്രധാന മതചടങ്ങുകളില്‍ ഒന്നാണീ വിഗ്രഹസ്നാനം! ഇതോടൊപ്പം തന്നെ അതില്‍ തൂക്കിയിടുന്ന “ഖില്ല” യും മാറ്റി പ്രതിഷ്ഠിക്കുന്നു. പഴയ ഖില്ല കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യുകയും ആ തുണിക്കഷ്ണങ്ങള്‍ അത്യാദരപൂര്‍വ്വം വീടുകളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും അതിന്റെ കഷ്ണങ്ങള്‍ ഭക്തി പൂര്‍വ്വം സൂക്ഷിച്ചു വെക്കുന്നവരുണ്ട്. ആ തുണിക്കഷ്ണത്തിനു ദിവ്യത്വം ഉണ്ടെന്നു തന്നെയാണവര്‍ കരുതുന്നത്.പുതുതായി അണിയിക്കാനുള്ള ഖില്ല ഓരോ കൊല്ലവും ഓരോ പ്രദേശത്തു നിന്നാണു കൊണ്ടു വരുന്നത്. സാഘോഷം എഴുന്നള്ളിക്കല്‍ വിഗ്രഹാരാധനയുടെ ലക്ഷണമാണെന്നാണല്ലോ ജമാ അത്തു നേതാവായ മുജീബ് പറയുന്നത്. അദ്ദേഹത്തിന്റെ മഹാനേതാവ് തന്നെ ഖില്ല എഴുന്നള്ളിച്ചതിന്റെ ദൃക്‌സാക്ഷിവിവരണം ഇതാ കാണുക:-“ക അബാലയത്തെ അണിയിക്കാനുള്ള ഖില്ല പാകിസ്ഥാനില്‍നിന്നു നിര്‍മ്മിക്കാന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. ഈ ഉത്തരവാദിത്തം മൌദൂദിയെ ഏല്‍പ്പിച്ചു. അയ്യൂബ്ഖാനായിരുന്നു അന്നത്തെ പാക് പ്രസിഡണ്ട്. തെരഞ്ഞെടുപ്പിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അങ്ങിങ്ങായി ആരംഭിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണത്തിനും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു പിടിക്കാനും ഖില്ലയെ നല്ലൊരു ആയുധമാക്കാമെന്നു മൌദൂദി ചിന്തിച്ചു. കഅബയുടെ ഖില്ല നിര്‍മ്മിക്കുന്ന കാര്യം മൌദൂദി പത്രങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. വന്‍പിച്ച ആഘോഷപരിപാടികളോടെ ഖില്ല നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം അതുമായി പ്രദര്‍ശനയാത്ര നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. വാര്‍ത്താ മാധ്യമങ്ങളിലൂടെ പര്യടനപരിപാടി വിളംബരം ചെയ്തു. ലക്ഷക്കണക്കിനു രൂപ മുതല്‍ മുടക്കി സ്പെഷ്യല്‍ തീവണ്ടിയിലായിരുന്നു യാത്ര. പ്രദര്‍ശനയാത്രക്കു നേതൃത്വം നല്‍കി ഒരു വണ്ടിയില്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ അബുല്‍ അ അലാ മൌദൂദിയും സഞ്ചരിച്ചു. ഈ പര്യടന യാത്രയെപ്പറ്റി ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പത്രമായ ‘ഏഷ്യാ ലാഹോര്‍ ’ എഴുതുന്നു: “ഇപ്പോള്‍ പശ്ചിമ പകിസ്താനിലെ റെയില്‍വേ സ്റ്റേഷനുകളിലൂടെ രണ്ടു തീവണ്ടികള്‍ കഅബയുടെ ഖില്ല പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു. ഒരു തീവണ്ടി ലാഹോറില്‍നിന്നും പെഷവാറിലേക്കു തിരിക്കുമ്പോള്‍ മറ്റൊരു തീവണ്ടി ഒകാട നഗരത്തിന്റെ ഭാഗത്തേക്കോടി ഖില്ലാ പ്രേമികളുടെ ദാഹം ശമിപ്പിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളുടെ സ്നേഹപ്രകടനത്തിന്റെയും അതിയായ താല്‍പ്പര്യത്തിന്റെയും അല്‍ഭുതദൃശ്യങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും കാണാം. ഖില്ലയെ ഒരു നോക്കു കണ്ട് അനുഗ്രഹീതരാകാന്‍ വേണ്ടി എല്ലാ സ്റ്റേഷനുകളിലും ആബാല വൃദ്ധം ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.സ്ത്രീകള്‍ ഖില്ലയുടെ മേല്‍ പുഷ്പാര്‍ച്ചന നടത്തുകയും പണം നിക്ഷേപിക്കുകയും ചെയ്യുന്നു. വലിയ ഉദ്യോഗസ്ഥരും പ്രമുഖ നേതാക്കളും കൈ കെട്ടി നിശ്ശബ്ദരായി നിന്ന് ഖില്ലയെ ആശീര്‍വദിക്കുന്നു. ഖില്ലയെ തൊടാനും ചുംബിക്കാനും അനുവദിക്കാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ ആളുകള്‍ തീവണ്ടിയെ ചുംബിക്കുന്നു. ” (അണിയറയ്ക്കുള്ളിലെ ജമാ അത്തെ ഇസ്ലാമി. -അബ്ദുള്ള വേളം- ഇസ്ലാമിക് സാഹിത്യ അക്കാദമി, കോഴിക്കോട്. പേ. 38,39)കഅബയുടെ മേല്‍ തൂക്കിയിടാനുള്ള ഒരു തുണിയുടെ സ്ഥിതി ഇതാണെങ്കില്‍ പിന്നെ ആ കല്ലിന്റെ കാര്യം പറയണോ? ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ടാക്കി അതിനു ചുറ്റും അനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിനാണു നാം പൊതുവെ വിഗ്രഹാരാധന എന്നു പറയുന്നത്. ഇസ്ലാമിലെ ദൈവത്തിനും പ്രതീകങ്ങളുണ്ടെന്നും അവയെ പ്രദക്ഷിണം ചെയ്യാമെന്നും ഖുര്‍ ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്:-
إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ“
നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]

കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:
“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”

ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു ജബ്ബാര്‍‍ പറഞ്ഞതിനു മറുപടിയായി വിഗ്രഹങ്ങളുടെ “ലക്ഷണങ്ങള്‍” വിശദീകരിച്ചുകൊണ്ട് മറുപടി എഴുതിയ പ്രബോധനം മുജീബ് , ഈ മറുപടിയോട് കഴിഞ്ഞ 10 വര്‍ഷമായി, ഇതു വരെ പ്രതികരിച്ചു കണ്ടില്ല.

2 comments:

പ്രതിവാദം said...

ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു ജബ്ബാര്‍‍ പറഞ്ഞതിനു മറുപടിയായി വിഗ്രഹങ്ങളുടെ “ലക്ഷണങ്ങള്‍” വിശദീകരിച്ചുകൊണ്ട് മറുപടി എഴുതിയ പ്രബോധനം മുജീബ് , ഈ മറുപടിയോട് കഴിഞ്ഞ 10 വര്‍ഷമായി, ഇതു വരെ പ്രതികരിച്ചു കണ്ടില്ല.

അല്‍ഭുത കുട്ടി said...

എല്ലാം മതങ്ങളും യുക്തിവാദികളെ സംബന്ധിച്ചേടത്തോളം ഒരു പോലെയാണെന്നാണ് എന്റെ വിശ്വാസം.

ഇനി ശ്രീ.ജബ്ബാര്‍ പറയുന്നത് പോലെ ഇസ്ലാം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കില്‍ എല്ലാം മുസ്ലിംഗളുടെയും വീട്ടില്‍ ഒരു ക അബയുടെ ചെറുപത്പ്പോ മറ്റോ ഉണ്ടാവേണ്ടതായിരുന്നു.അല്ലെങ്കില്‍ പള്ളികളില്‍ ക അബയുടെ ചിത്രമെങ്കിലും ഉണ്ട്റ്റവേണ്ട്റ്റതായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ ഇതുവരെ കണ്ട്റ്റിട്ടില്ല.

മുഹമ്മദിന്‍ അധികാരവും മറ്റും കിട്ടുന്നതിന്‌ വേണ്ടിയാണ് . ഇസ്ലാം എന്നും ഖുര്‍ ആന്‍ എന്നും പറയുന്ന മാഷിന്‌ ഒന്നാലോചിക്കാമായിരുന്നു. മക്കാ വിജയത്തിന് ശേഷം മുഹമ്മദ് മദീനയിലേക്ക് തിരിച്ചു പോയി എന്നുള്ള സത്യം. ഇയാള്‍ പറയുന്നത് പോലെ വിഗ്രഹാരാധന മുഹമ്മദിന്റെ വീക്ക്നെസ്സ് ആയിരുന്നെങ്കില്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം മദീനയില്‍ ചിലവഴിച്ച മുഹമ്മദിന് അവിട്റ്റെ ഒരു വിഗ്രഹം സ്ഥാപിച്ചു കൂട്റ്റായിരുന്നോ ? അതിന് വല്ല തെളിവും ഇയാളുട്റ്റെ പക്കലുണ്ടോ ?

ലോകത്ത് ഒരു മുസ്ലിമും വിഗ്രഹങ്ങളെ ആരാധിക്കുന്നത് എന്റെ അറിവില്‍ ഇല്ല. ഇനി താതികമായി പറയുകയാണെങ്കില്‍ ഹിന്ദുക്കളും , ക്യസ്ത്യാനികളും ചിത്രങ്ങളെയോ , രൂപങ്ങളെയോ അല്ല ആരാധിക്കുന്നത്. അതിലൂടെ ദൈവത്തിനെ തന്നെയാണ്.

പിന്നെ ഹുബല്‍ എന്ന ക അബയുട്റ്റെ അടുത്തുള്ള കിണ്‍നറിലെ ‘ഹുബല്‍’ എന്ന വിഗ്രഹം ഇപ്പോള്‍ എന്റെ വീട്ടില്‍ ഉണ്ട്. ഞാനിപ്പോള്‍ അതാണ്‌ ആരാധിക്കുന്നത്. ഒരിക്കല്‍ ഹജ്ജിന്പോയപ്പോള്‍ കിണറ്ര് നന്നാക്കുമ്പോഴാണ് അത് കിട്ടിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. ജബ്ബാര്‍ പറഞ്ഞ ഹുബല്‍ ആണല്ലോ എന്ന് മനസ്സിലായ ഉടനെ കൊണ്ടു പോരുകയായിരുന്നു.

(ഈ കമന്റ് വെളിച്ചം കാണില്ലെന്ന് സംശയം തോന്നുന്നു ആയതിനാല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ ഇടുന്നതാണ്) - ജാഗ്രതൈ