Monday, January 5, 2009

യുക്തിവാദം: ഞാന്‍ ദൈവനിഷേധിയല്ല!

യുക്തിവാദം: ഞാന്‍ ദൈവനിഷേധിയല്ല!
anzar thevalakkara said... സംവാദത്തിനു സമയം ഇല്ല..മറ്റു പലരെയും പോലെ എന്‍റെ ആദര്‍ശമല്ല എന്‍റെ ഉദര പൂരണം...അതിനായി രാവിലെ മുതല്‍ രാത്രിയില്‍ വരെ അധ്വാനിക്കെണ്ടാതുണ്ട്...എന്നാലും ചില കാര്യങ്ങള്‍ കാണാതെ പോകുന്നത് ശരി അല്ലല്ലോ...മറ്റു മൃഗങ്ങളോട് സ്നേഹം ഉള്ള ചിലരുടെ വാക്കുകള്‍ കേട്ടു കോരിത്തരിച്ചു പോയി.....ശരി ആണ് ആണ് ഇസ്ലാം എത്ര മൃഗങ്ങളെയാണ് കൊല്ലുന്നത്.....പക്ഷെ ഒരു സംശയം...ഈ മൃഗ സ്നേഹികള്‍ക്ക് സത്യത്തില്‍ ജീവികളോടു സ്നേഹമുണ്ടോ...?ഉണ്ടെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുക..

>നിങ്ങള്‍ ആദ്യം ആത്മഹത്യ ചെയ്യുക....കാരണം നിങ്ങള്‍ മുഖേന എത്ര വൈറസുകളും ബാക്ടീരിയകളും ആണ് ദിവസവും മരിക്കുന്നത്.
>നിങ്ങള്‍ക്ക് വേണ്ടി അഥവാ നിങ്ങളുടെ ആയുസ്സ് നിലനിര്‍ത്താന്‍ വേണ്ടി എത്ര ഗിനി പന്നികളും മുയലുകളും തവളകളും ലാബോരടരിയില്‍ പരീക്ഷണത്തിനിടയില്‍ മരിക്കുന്നു...അപ്പോള്‍ പിന്നെ ....ആദ്യം പറഞത് ....ചെയ്യുകയല്ലേ നല്ലത്...
>നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് എത്ര സസ്യങ്ങള്‍ ജീവന്‍ അര്‍പിക്കുന്നു.(സസ്യങ്ങള്‍ക്ക് ജീവന്‍ ഉണ്ടോ..?ആവോ..)
>നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ എത്ര പുഴുക്കളെയും കൃമികളെയും ചതച്ച് അരക്കുന്നു...അപ്പോള്‍ പിന്നെ വാഹനങ്ങള്‍.....പിന്നേ ,...നിരോധിക്കെണ്ടാതുണ്ട്...
>നാളെ മുതല്‍ ലോകത്തുള്ള മുക്കുവന്‍മാര്‍കെതിരെ സമരം ചെയ്യുക.അവന്‍മാര്‍കെതിരെ കൊലകുറ്റത്തിന് കേസെടുക്കുക....കാരണം ഒരു എത്ര മീനുകലെയാണ് ഇവര്‍ കണ്ണില്‍ ചോര ഇല്ലാതെ ശ്വാസം മുട്ടിച്ചു കൊള്ളുന്നത്‌...ക്രൂരന്മാര്‍...
>പ്ലേഗ് വന്നാലും എലിയെ കൊല്ലരുത് ...എലിയെ കൊല്ലുന്നവന്‍മാര്‍ക്കെതിരെ എലി അവകാശ നിയമമനുസരിച്ച് കേസെടുക്കണം...
>വിര അസുഖത്തിന് നല്‍കുന്ന മരുന്നുകള്‍ നിരോധിക്കണം..വിരകള്‍ക്കും മറ്റേ ആ ....അവകാശം ഉണ്ടേ..

ആത്മാവിന്റെ അസ്തിത്വം ചര്‍ച്ച ചെയ്യുന്നേടത്തു വന്ന് അന്‍സാര്‍ കുറിച്ചിട്ട കമന്റാണിത്. വിഷയവുമായി ബന്ധമില്ലെങ്കിലും കൌതുകം തോന്നിയതിനാല്‍ പ്രതികരിക്കാമെന്നു വെച്ചു. ആദ്യം ജന്തു സ്നേഹത്തെകുറിച്ചു പറയാം. ജന്തുക്കളെ വെറുതെ ഹിംസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ മനുഷ്യരില്‍ കുറവാണെന്നാണ് എനിക്കു തോന്നുന്നത്. ഭക്ഷണത്തിനും നിലനില്‍പ്പിനത്യാവശ്യമായ ഘട്ടങ്ങളിലും നമ്മള്‍ ജന്തുക്കളെയും സസ്യങ്ങളെയും ഹിംസിക്കുന്നു എന്നതു സത്യം തന്നെ. അതു നമ്മുടെ കുറ്റമല്ലല്ലോ. പ്രകൃതിക്കു യാതൊരു നീതിബോധവും തിരിച്ചറിവും ഇല്ല എന്നതിന്റെ ദൃഷ്ടാന്തമാണു നമ്മള്‍ ജൈവലോകത്തു കാണുന്നതെല്ലാം,. ഓരോ ജീവിക്കും നിലനില്‍ക്കാന്‍ മറ്റനേകം ജീവികളെ ഹിംസിക്കേണ്ടി വരുന്നു. നീതിമാനായ ഒരു ദൈവത്തിന്റെ സമഗ്രാസൂത്രണവും സാന്നിധ്യവും പ്രകൃതിയില്‍ കാണുന്നേയില്ല. എങ്കിലും മനുഷ്യര്‍, ഒഴിച്ചു കൂടാത്ത സാഹചര്യത്തിലൊഴികെ ഇതരജീവികളെ ഉപദ്രവിക്കാറില്ല. എല്ലാ ജീവികളോടും ഒരു വൈകാരിക ജൈവബന്ധം മനുഷ്യര്‍ പുലര്‍ത്തിപ്പോരുന്നുമുണ്ട്. ‘ദൈവ’ത്തെക്കാള്‍ നീതിബോധം മനുഷ്യര്‍ക്കുണ്ട്. ഒരു ജീവിയെയും ഹിംസിക്കരുതെന്നുപദേശിക്കാനാണല്ലോ ബുദ്ധന്‍ അവതാരമെടുത്തത്.ലോകമെമ്പാടും പരിഷ്കൃത മനുഷ്യര്‍ ജന്തുക്കളെ അനാവശ്യമായി പീഡിപ്പിക്കുന്നതിനെതിരെ നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കുകയും അതു നടപ്പിലാക്കാന്‍ ബോധവല്‍ക്കരണം നടത്തുകയുമൊക്കെ ചെയ്തു വരുന്നു. ഭക്ഷണത്തിനായി അറുക്കുന്ന മൃഗങ്ങളോടു പോലും ക്രൂരമായി പെരുമാറുന്നതു ശിക്ഷാര്‍ഹമാണ്. പല രാജ്യങ്ങളിലും മൃഗങ്ങളെ അറുക്കുന്നതിനു മുമ്പ് ബോധം കെടുത്താന്‍ മരുന്നു നല്‍കണമെന്നു വ്യവസ്ഥയുണ്ട്. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ജന്തുക്കളെ ബലി നടത്തുന്ന ആചാരം പ്രാകൃത മനുഷ്യര്‍ അനുഷ്ടിച്ചിരുന്നതാണ്. അവര്‍ വേട്ടയാടി ഭക്ഷിച്ചിരുന്ന ജന്തുക്കളെ അവര്‍ അവരുടെ ദെവങ്ങള്‍ക്കായും ബലിയര്‍പ്പിച്ചു. അതൊക്കെ വളരെ അപരിഷ്കൃതമായ ആചാരങ്ങളാണെന്നു സാമാന്യ വിവേകവും സംസ്കാരവുമുള്ളവരൊക്കെ സമ്മതിക്കുന്നു. ഇസ്ലാമിന്റെ വക്താക്കള്‍ക്ക് അതൊന്നും സമ്മതിക്കാന്‍ നിവൃത്തിയില്ല. കാരണം അവരുടെ മതം ഇതൊക്കെ ദൈവത്തിന്റെ വെളിപാടാണെന്നു വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു എന്നതു മാത്രമാണു കാരണം. ഒരു ജീവിയെയും ഉപദ്രവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന അന്‍സാറിന്റെ വാദം ഒരര്‍ത്ഥത്തില്‍ ശരി തന്നെ. ആത്മഹത്യ ചെയ്യുമ്പോഴും നമ്മുടെ ശരീരത്തില്‍ പരാന്നഭോജികളായി കഴിഞ്ഞിരുന്ന കുറെ ജീവികള്‍ നശിക്കുമെന്നതിനാല്‍ അതും തെറ്റു തന്നെ.! പക്ഷെ ഈ തെറ്റിനെല്ലാം ശിക്ഷയര്‍ഹിക്കുന്നതു ‘ദൈവം’ മാത്രമാണെന്നു പറയേണ്ടി വരും. കാരുണ്യംതൊട്ടു തീണ്ടിയിട്ടില്ലാത്ത ക്രൂരദൈവം!ഇനി പ്രകൃതിയില്‍ കാണുന്ന തിന്മകളെല്ലാം മനുഷ്യര്‍ ചെയ്യുന്ന തെറ്റുകള്‍ക്കു ന്യായീകരണമായി അവതരിപ്പിക്കുകയാണെങ്കില്‍ നമ്മുടെ ശരി തെറ്റു സങ്കല്‍പ്പങ്ങളെല്ലാം അര്‍ത്ഥശൂന്യമാകും. പ്രകൃതി എല്ലാവരെയും ഒരിക്കല്‍ കൊല്ലുന്നു എന്നതിനാല്‍ നാം ചെയ്യുന്ന കൊലപാതകങ്ങളും ന്യായീകരിക്കപ്പെടാവതാണോ? ഇനി അന്‍സാറിന്റെ മറ്റു പരിഹാസവാക്യങ്ങള്‍ നോക്കാം.ഞാന്‍ നല്ല ഒരു നിരീശ്വര വാദിയാണ്..ഭൂമി ഉള്‍പെടെയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായി കറങ്ങുന്നത് നല്ല ഒന്നാന്തരം വി-ഗാര്‍ഡിന്റെ മോട്ടോര്‍ പിടിപ്പിച്ചത് കൊണ്ടാണ്..പിന്നെ അതിനുള്ള കറന്റ്... അത് നമ്മുടെ കായംകുളം താപ വിദ്യുതി നിലയത്തില്‍ നിന്നും പോകുന്നു....അല്ലാതെ ദൈവം...ഛെ.. പിന്നെ നമ്മുടെ മനുഷ്യ ശരീരം ..നമ്മുടെ കയ്യും കാലും മറ്റേ......ഉം ഒക്കെ പിടിപ്പിക്കെനടത് ആ സ്ഥലങ്ങളില്‍ ഒന്നും അല്ലായിരുന്നു....ദൈവം എന്നത് ഉണ്ടായിരുന്നെങ്കില്‍ എങ്ങിനീയരിംഗ് ഒന്നും പഠിച്ചിട്ടില്ലാത്ത അങ്ങേരെ രണ്ട് ചീത്ത വിളിക്കാരുന്നു ...ലക്ഷ കണക്കിന് മീറ്റര്‍ വരുന്ന ഞരന്പ്കളെ ഒരു മനുഷന്റെ ശരീരത്തില്‍ പിടിപ്പിച്ചത് ദൈവമൊന്നും അല്ലന്നേ ..എന്‍റെ വീടിന്‍റെ അപ്പുറത്തെ കോവാലന്‍ എന്ന് വിളിക്കപെടുന്ന യുക്തിവാദിയായ ഇലെക്ട്രീഷ്യന്‍ ആയിരുന്നു അത് പിടിപ്പിച്ചത് ...ഒരു രഹസ്യം..എന്‍റെ വീട്ടിലെ പട്ടികളും കോഴികളും ഒക്കെ ഇണ ചേരുന്നത് ഇന്നലെ ഞാന്‍ കണ്ടു ,,, അത് ആരായിരിക്കും അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത്...ഓ മറന്നു അവര്‍ ഇന്നലെ ഒരു ബ്ലൂ ഫിലിമിന്റെ കാസറ്റ് കാണുന്നത് ഞാന്‍ കണ്ടു...അങ്ങനെ ആയിരിക്കും അവര്‍ അത് പഠിച്ചത്...ഇന്നു എന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചു...ഇന്നലെ വരെ വളരെ ശാന്ത സ്വഭാവം ഉണ്ടായിരുന്ന അവള്‍ ഒരാളെയും അവളുടെ കുഞ്ഞിനെ അടുത്തേക്ക് അടുപ്പിക്കുന്നില്ല...അതിനോട് എന്തൊരു സ്നേഹം...നമ്മള്‍ അടുത്ത് ചെന്നാല്‍ അത് കടിച്ചു കീറാന്‍ വരും...അപ്പോള്‍ ആ ജീവിക്ക് അത് ഫീഡ് ചെയ്തു കൊടുത്തത്...ദൈവ .....ഛെ ..ഛെ അല്ലന്നേ,,,ആ പൂച്ച ഇന്നലെ ഇസ്ലാം സ്വീകരിച്ചു... ഏത് ....മനസ്സിലായില്ലേ....തീവ്രവാദം... ആ പൂച്ചക്ക് ഇന്നലെ വരെ മുലപാല്‍ ചുരതുമായിരുനില്ല.പക്ഷെ ഇന്നു മുതല്‍... എടേ.. അത് അത് നമ്മുടെ കിഴക്ക് വശത്ത് കാണുന്ന പാല്‍ സൊസൈടിയില്‍ നിന്നും വാങ്ങിക്കുന്നതാനെന്നെ...ആകാശം തൂണില്ലാതെ പൊന്തിച്ചു വെച്ചതു നിങ്ങള്‍ കാണുന്നില്ലേ? ; ആകാശത്തുനിന്നും മഴ വര്‍ഷിക്കുന്നതു കാണുന്നില്ലേ?; നിര്‍ജ്ജീവമായിക്കിടന്ന വരണ്ട മണ്ണ് ജീവസ്സുറ്റതായി മാറുന്നതു കാണുന്നില്ലേ? പക്ഷികളെ ആകാശത്തുനിന്നും വീഴാതെ പിടിച്ചുനിര്‍ത്തുന്നത് അല്ലാഹുവല്ലാതെ മറ്റാരാണ്? തുടങ്ങിയ ഖുര്‍ ആനിലെ ദൃഷ്ടാന്തവിവരണങ്ങള്‍ കാലഹരണപ്പെട്ടതിനാല്‍ മതവക്താക്കള്‍ ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ ഇപ്പോള്‍ കൊണ്ടു വരുന്ന നവദൃഷ്ടാന്തങ്ങളാണു അന്‍സാറും അവതരിപ്പിക്കുന്നത്. പ്രകൃതിയില്‍ മനുഷ്യന്‍ നോക്കിക്കണ്ട എല്ലാ പ്രതിഭാസങ്ങളും അവനില്‍ ഒരു കാലത്ത് അല്‍ഭുതം ഉളവാക്കിയിരുന്നു. എല്ലാറ്റിനും കാരണം പ്രകൃത്യതീതമായ ഏതോ ശക്തിയാണെന്നവന്‍ അനുമാനിച്ചു. അതിനു ദൈവം എന്നു പേരു വിളിക്കുകയും ചെയ്തു. ഒരു കാലത്ത് ഈ പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ടു ദൈവമായി സങ്കല്‍പ്പിച്ച് അവയെ പ്രീതിപ്പെടുത്താനാണു മനുഷ്യര്‍ ശ്രമിച്ചിരുന്നത്. ഇടിയും മിന്നലും മഴയും മലയും മരവും മൃഗവും സൂര്യനും ചന്ദ്രനുമൊക്കെ ദൈവമായിരുന്നു.പിന്നീട് ഓരോ പ്രതിഭാസവും പ്രകൃതിയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിയാന്‍ തുടങ്ങിയതോടെ അല്‍ഭുതങ്ങള്‍ അറിവുകളായി മാറി. വിശ്വാസങ്ങള്‍ക്കു പലതരം മാറ്റങ്ങളുണ്ടായി. ഇന്നു മഴ ഒരു ദൈവമല്ല. അതൊരു അല്‍ഭുതവുമല്ല. ഖുര്‍ ആന്‍ പറയുന്ന പോലെ അത് അല്ലാഹു ആകാശത്തുനിന്ന് അവന്റെ ഇഷ്ടാനുസരണം ഇറക്കിത്തരുന്നതാണെന്ന് ഇന്നു മൂന്നാം ക്ലാസിലെ ശാസ്ത്രം പഠിച്ച കുട്ടി പോലും വിശ്വസിക്കുന്നില്ല. മഴ ഭൂമിയില്‍ തന്നെ നടക്കുന്ന ഒരു സാധാരണ പ്രതിഭാസമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. അങ്ങനെ പല ദൈവങ്ങളും ദൈവങ്ങളല്ലാതാവുകയും പല ദൈവികദൃഷ്ടാന്തങ്ങളും ദൃഷ്ടാന്തങ്ങളല്ലാതാവുകയും ചെയ്തു. അതുകൊണ്ട് പ്രകൃതിയിലെ അല്‍ഭുതങ്ങള്‍ ഇല്ലാതാവുന്നില്ല. പ്രകൃതിരഹസ്യങ്ങളുടെ ഓരോ ചുരുളും അഴിയും തോറും കൂടുതല്‍ അല്‍ഭുതങ്ങളിലേക്കു നമ്മള്‍ കടന്നു ചെല്ലുകയാണു ചെയ്യുന്നത്. ശാസ്ത്രീയാന്യേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്നത്തെ അല്‍ഭുതങ്ങളും അല്‍ഭുതമല്ലാതാകും. അതൊക്കെ നമുക്കു പ്രകൃതിനിയമങ്ങളുടെ പരിധിയില്‍നിന്നുകൊണ്ടു തന്നെ വിശദീകരിക്കാനും കഴിയും.
അന്‍സാര്‍ പറഞ്ഞ ഉദാഹരണങ്ങള്‍ നോക്കാം:

1. ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായി കറങ്ങുന്ന....അതൊന്നുംകൃത്യമായി കറങ്ങുന്നില്ല എന്നതാണു സത്യം. നമ്മള്‍ വളരെ ചെറിയ ഒരു കാലദൈര്‍ഘ്യത്തിനുള്ളില്‍ സൂക്ഷ്മതലത്തില്‍ മാത്രം വീക്ഷിക്കുമ്പോള്‍ എല്ലാം കൃത്യമാണെന്നു നമുക്കു തോന്നുന്നുവെന്നേയുള്ളു. പ്രപഞ്ചം ഒരു ക്രമവുമില്ലാത്ത പൊട്ടിത്തെറിയാണെന്നു സ്ഥൂലമായി നിരീക്ഷിച്ചാല്‍ കണ്ടെത്താനാവും. ഭൂമി സൂര്യനെ ചുറ്റുന്നതിലും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിലുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ദീര്‍ഘമായ സമയമെടുക്കുന്നതിനാല്‍ നമുക്കാ മാറ്റം പ്രത്യക്ഷത്തില്‍ അറിയാന്‍ പറ്റുന്നില്ല എന്നേയുള്ളു. ചന്ദ്രന്‍ ഭൂമിയില്‍നിന്നും അകന്നുകൊണ്ടിരിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിലും പരിക്രമണസമയത്തിലും വ്യത്യാസം വരുന്നുണ്ട്. നക്ഷത്രസമൂഹങ്ങള്‍ തമ്മില്‍ അകന്നുകൊണ്ടേയിരിക്കുന്നു. ഒന്നിനും സ്ഥൂലതലത്തില്‍ കൃത്യതയില്ല. പ്രകൃതിയിലെ നീതിയെ കുറിച്ചു പറഞ്ഞപോലെത്തന്നെ ഇവിടെയും കൃത്യമായ ആസൂത്രണമോ കുറ്റമറ്റ സംവിധാനമോ ഒന്നുമില്ല. ഗ്രഹങ്ങളും നക്ഷത്രങ്ങളും കൂട്ടിമുട്ടി നശിക്കുന്നു. നെബുലകളില്‍നിന്നും പുതിയവ ഉണ്ടാകുമ്പോള്‍ ‍തന്നെ നക്ഷത്രങ്ങള്‍ ഇല്ലാതാകുന്നുമുണ്ട്. ആകെക്കൂടി ഒരു ക്രമവുമില്ലാത്ത ഒരു പൊട്ടിത്തെറി മാത്രമാണു പ്രപഞ്ചം. ഭൂമിയുടെ ആകൃതി പോലും പെര്‍ഫെക്റ്റായിട്ടില്ല. ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം ഭൂകമ്പങ്ങളാണുണ്ടാകുന്നത്. എങ്കില്‍ അതിന്റെ ആസൂത്രണം ബുദ്ധിമാനായ ഒരു എഞ്ചിനിയറുടെ വകയാണെന്നു പറയാനാകുമോ? ഇത് അന്‍സാറും കൂട്ടരും അവതരിപ്പിക്കുന്ന വാദത്തിന്റെ ഒരു മറുവശം ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രം പറഞ്ഞുവെന്നേയുള്ളു. നമുക്കറിയാത്ത കാര്യങ്ങളെയൊക്കെ ഒരു ദൈവത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ എളുപ്പമാണ്. അതിനു പ്രത്യേകിച്ചൊരു അന്യേഷണമോ തെളിവോ ഒന്നും വേണ്ടല്ലോ!

2.മനുഷ്യശരീരത്തിലെ അല്‍ഭുതങ്ങള്‍ . ലക്ഷക്കണക്കിനു കിലോമീറ്റര്‍ നീളമുള്ള ഞരമ്പുകള്‍ പ്ലമ്പു ചെയ്യാന്‍ ഒരു ദൈവത്തിനല്ലാതെ ആര്‍ക്കെങ്കിലും കഴിയുമോ? അല്‍ഭുതം തന്നെ ഇതൊക്കെ . ആ കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജീവികളില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഘടന എങ്ങനെ വികസിച്ചു വന്നു എന്ന് ജീവശാസ്ത്രം ഇന്നു വിശദീകരിക്കുന്നു. കേവലം ഒരു തന്മാത്രാ ഘടനയില്‍ നിന്നാരംഭിച്ച ജൈവ പരിണാമം കോടാനു കോടി വര്‍ഷങ്ങളിലൂടെ കോടാനുകോടി ജീവിവര്‍ഗ്ഗങ്ങളിലൂടെ കോടാനുകോടി തലമുറകളിലൂടെ ക്രമാനുഗതമായി എങ്ങനെ സങ്കീര്‍ണഘടന കൈവരിച്ചു എന്നതിന്റെ ഏകദേശ വിശദീകരണം ശാസ്ത്രം നല്‍കുന്നു. ഏറ്റവുമൊടുവില്‍ ജനിതകപരമായ രഹസ്യങ്ങളുടെ ചുരുള്‍ കൂടി അഴിയുന്നതോടെ പരിണാമത്തിന്റെ ചാലകശക്തി പ്രകൃതിക്കതീതമല്ല എന്നു മനസ്സിലാക്കാനും ജീവന്‍ എന്ന അല്‍ഭുതപ്രതിഭാസത്തെ മനുഷ്യന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധ്യമാണെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ‘ദൈവം’ സൃഷ്ടിച്ചിട്ടില്ലാത്ത പുതിയ ജീവികളെ ജനിതക എഞ്ചിനിയറിങ്ങിലൂടെ മനുഷ്യനു സൃഷ്ടിക്കാന്‍ കഴിയുന്നു. നമുക്കു വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളൊക്കെ ദൈവം എന്ന ഒരു സങ്കല്‍പ്പത്തില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്നതിനു പകരം നാളെ അതിനൊക്കെ വിശദീകരണം നല്‍കാന്‍ കഴിയും എന്നു , ഇതു വരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്കു പറയാന്‍ കഴിയും. ഇനി ദൈവമാണിതിന്റെയൊക്കെ ആസൂത്രകന്‍ എന്നു സമ്മതിച്ചാല്‍തന്നെ , ദൈവത്തിനു മതങ്ങള്‍ പറയുന്ന ഒരു ക്വാളിറ്റിയും ഇല്ലെന്നല്ലേ വരുന്നത്? സര്‍വ്വശക്തനായ ഒരു ദൈവത്തിന് ഈ പ്രപഞ്ചത്തിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തിയെടുക്കാന്‍ കോടാനുകോടി കൊല്ലങ്ങളുടെ ക്രമാനുഗതവികാസപരിണാമപ്രക്രിയ വേണ്ടി വരുന്നതെങ്ങനെ? ഒന്നും പൂര്‍ണ്ണതയിലെത്താതെ ഇപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്?ഒരു കാര്യം ഉണ്ടാകണമെന്നു വിചാരിച്ചാല്‍ അപ്പോള്‍ തന്നെ അതു 100% പെര്‍ഫെക്റ്റായി ഉണ്ടാകേണ്ടതല്ലേ? [കുന്‍ ഫയകൂന്‍]ദൈവത്തിന്റെ സൃഷ്ടിയിലുടനീളം ERRORS ന്യൂനതകള്‍ കാണപ്പെടുന്നതെന്തുകൊണ്ട്? അങ്ങേതിലെ കോവാലന്‍ പ്ലംബ് ചെയ്യുമ്പോള്‍ സംഭവിക്കുമ്പോലെ ദൈവത്തിന്റെ പമ്പും മോട്ടോറുമൊക്കെ ജന്മനാ കേടുള്ളതായി [manufacturing deffect]കാണ‍പ്പെടുന്നതെന്തുകൊണ്ട്? ആ കേടുകള്‍ പലപ്പോഴും ബൈപാസ് സര്‍ജറിയും ഹൃദയമാറ്റശസ്ത്രക്രിയയും മറ്റും വഴി മനുഷ്യര്‍ക്കു റിപ്പയര്‍ ചെയ്യേണ്ടി വരുന്നതെന്തുകൊണ്ട്? സര്‍വ്വശക്തന്റെ കൈപ്പിഴകള്‍ അല്‍പ്പശക്തന്‍ തിരുത്തുകയെന്നു വെച്ചാല്‍? അതു മൂപ്പര്‍ക്കു കുറച്ചിലല്ലേ? മനുഷ്യന്‍ എന്ന ജീവിയെ മാത്രം മണ്ണു കുഴച്ചുണ്ടാക്കി ജീവനൂതി എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഡിത്തമാണെന്നു ജൈവപരിണാമത്തിന്റെ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞതല്ലെ? മനുഷ്യന്‍ മാത്രം ഒരു പ്രത്യേക സൃഷ്ടിയാണെങ്കില്‍ മനുഷ്യനോട് ഇത്രയും സാമ്യമുള്ള ചിമ്പാന്‍സിയും ഗോറില്ലയുമൊക്കെ ദൈവം മനുഷ്യനെ കണ്‍ഫ്യൂസ് ചെയ്യാനായി പ്രത്യേകം സൃഷ്ടിച്ചതായിരിക്കണം! വല്ലാത്തൊരു പഹയന്‍ തന്നെ ഈ ദൈവം!ഒരു രഹസ്യം..എന്‍റെ വീട്ടിലെ പട്ടികളും കോഴികളും ഒക്കെ ഇണ ചേരുന്നത് ഇന്നലെ ഞാന്‍ കണ്ടു ,,, അത് ആരായിരിക്കും അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത്...ഓ മറന്നു അവര്‍ ഇന്നലെ ഒരു ബ്ലൂ ഫിലിമിന്റെ കാസറ്റ് കാണുന്നത് ഞാന്‍ കണ്ടു...അങ്ങനെ ആയിരിക്കും അവര്‍ അത് പഠിച്ചത്...ഇന്നു എന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചു...ഇന്നലെ വരെ വളരെ ശാന്ത സ്വഭാവം ഉണ്ടായിരുന്ന അവള്‍ ഒരാളെയും അവളുടെ കുഞ്ഞിനെ അടുത്തേക്ക് അടുപ്പിക്കുന്നില്ല...അതിനോട് എന്തൊരു സ്നേഹം...നമ്മള്‍ അടുത്ത് ചെന്നാല്‍ അത് കടിച്ചു കീറാന്‍ വരും...അപ്പോള്‍ ആ ജീവിക്ക് അത് ഫീഡ് ചെയ്തു കൊടുത്തത്...ദൈവ .....ഛെ ..ഛെ അല്ലന്നേ,,,ആ പൂച്ച ഇന്നലെ ഇസ്ലാം സ്വീകരിച്ചു... ഏത് ....മനസ്സിലായില്ലേ....തീവ്രവാദം... ആ പൂച്ചക്ക് ഇന്നലെ വരെ മുലപാല്‍ ചുരതുമായിരുനില്ല.പക്ഷെ ഇന്നു മുതല്‍... എടേ.. അത് അത് നമ്മുടെ കിഴക്ക് വശത്ത് കാണുന്ന പാല്‍ സൊസൈടിയില്‍ നിന്നും വാങ്ങിക്കുന്നതാനെന്നെ...

ബ്ലൂ ഫിലിം കണ്ടു പഠിച്ചതായിരിക്കില്ല; അല്ലാഹു ഓരോ പട്ടിയുടെയും കോഴിയുടെയും പിന്നാലെ നടന്നു പഠിപ്പിച്ചതാകും അല്ലേ? പൂച്ച പെറ്റേടത്തൊക്കെ ചെന്നു മൂപ്പര് പൂച്ചക്കു പറഞ്ഞു കൊടുത്തതാകും ചീറാനും മാന്താനുമൊക്കെ! പാല്‍ സൊസൈറ്റിയിലേക്കു പോകും വഴിക്കു വെച്ചു അങ്ങേര് പൂച്ചയെ തടഞ്ഞു നിര്‍ത്തി അതിന്റെ മുലയില്‍ പാല്‍ ഫില്ലു ചെയ്തു കൊടുത്തു അല്ലേ?

ഇതൊക്കെ ബാലിശമായ വാദക്കസര്‍ത്തുകളാണല്ലോ സുഹൃത്തേ. ഓരോ ജീവിക്കും അതിന്റെ തനതു സ്വഭാവവും രൂപവുമൊക്കെ തലമുറകള്‍ കൈമാറി പകരാനും ആ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്താനും സഹായകമാകുന്നത് അതാതു ജീവിയുടെ കോശങ്ങള്‍ക്കകത്തെ ജനിതകഘടകങ്ങളാണെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഓരോ സവിശേഷതയെയും പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ജീനുകളെ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും പുരോഗമിക്കുന്നു. പറഞ്ഞു വരുന്നത് എല്ലാ ജന്തുക്കളെയും അവയുടെ സ്വഭാവം പരിശീലിപ്പിക്കാന്‍ ഒരു ദൈവം ഓടി നടന്ന് പെടാപ്പാടു പെടുന്നൊന്നുമില്ല എന്നും ജൈവലോകത്തെ ഇത്തരം എല്ലാ അല്‍ഭുതങ്ങളും ജൈവരസതന്ത്രപരമായും ജനിതകവിജ്ഞാനപരമായുമൊക്കെ വിശദീകരിക്കാന്‍ കഴിയും എന്നുമാണ്.. പക്ഷെ എത്ര വിശദീകരിച്ചാലും പ്രപഞ്ചത്തിലെ അല്‍ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യര്‍ക്കറിയാന്‍ കഴിയാത്ത അനേകം കാര്യങ്ങള്‍ പിന്നെയും അവശേഷിക്കും. അറിയാന്‍ പാടില്ലത്തതൊക്കെ ദൈവം സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും എന്നു മാത്രം വിശദീകരിച്ചാല്‍ വിശ്വാസിക്കു പണി എളുപ്പമായി. പക്ഷെ സത്യങ്ങള്‍ അന്യേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യനെ ആ വിശദീകരണം ഒരു കാലത്തും തൃപ്തിപ്പെടുത്തുന്നില്ല. നബിയും കൂട്ടരും ജീവിച്ചിരുന്ന കാലത്ത് മഴ എന്നാല്‍ അത് അല്ലാഹു ആകാശത്തുനിന്നും ഇറക്കിത്തരുന്ന ഒരല്‍ഭുതപ്രതിഭാസം ആയിരുന്നു. എന്നാല്‍ ആ വിശദീകരണം കൊണ്ടു മാത്രം തൃപ്തി വരാത്ത അന്യേഷണകുതുകിയായ മനുഷ്യര്‍ മഴയുടെ രഹസ്യം കണ്ടെത്തി. അത് ഭൂമിയില്‍ തന്നെ നടക്കുന്ന ഒരു ഭൌതികപ്രതിഭാസമാണെന്നു നമുക്കെല്ലാം ബോധ്യമായി. ഇവിടെ അല്ലാഹു ഇറക്കുന്നതാണു മഴ എന്ന പ്രസ്താവനയെ നമുക്കൊന്നു പരിശോധിക്കാം. മഴ പെയ്യാന്‍ കാരണമാകുന്ന ഭൌതിക സാഹചര്യങ്ങളില്‍ എവിടെയാണ് അല്ലാഹുവിന്റെ റോള്‍? സൂര്യന്റെ ചൂട് ഭൂമിയിലെത്തിക്കാന്‍ അല്ലാഹു പ്രത്യേകമായി വല്ലതും ചെയ്യുന്നുണ്ടോ? ജലം ഭാഷ്പീകരിക്കുന്നേടത്ത് അല്ലാഹു വല്ലതും ചെയ്യുന്നുണ്ടോ? .. ഇല്ല. എല്ലാം പ്രത്യേക പ്രകൃതിനിയമങ്ങളാല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു എന്നേ പറയാന്‍ പറ്റൂ. അല്ലാതെ പ്രകൃതിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും ദൈവം നേരിട്ടിടപെട്ടുകൊണ്ടു നിയന്ത്രിക്കുന്നു എന്നു പറയാനാവില്ല. പക്ഷികള്‍ വീഴാതെ പറക്കുന്നത് അല്ലാഹു അവയെ പിടിച്ചു വെക്കുന്നതുകൊണ്ടാണോ? ആ പിടിച്ചു വെക്കല്‍ വായുവിന്റെ മര്‍ദ്ദമല്ലേ? അപ്പോള്‍ വായുമര്‍ദ്ദമാണോ അല്ലാഹു? ഈ പ്രകൃതി നിയമവ്യവസ്ഥയുടെ ആകെത്തുകയാണോ ദൈവം? അതോ എല്ലാ വ്യവസ്ഥയും സംവിധാനിച്ചുവെച്ച് അതിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണോ ദൈവം? ...ആ ദൈവത്തിനു വിവേകവും തിരിച്ചറിവുമുണ്ടോ? .. അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ..എനിക്കതേകുറിച്ചൊന്നും ഒരറിവും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അറിയാവുന്ന പ്രകൃതി രഹസ്യങ്ങളെക്കുറിച്ചല്ലാതെ പ്രകൃതിക്കപ്പുറത്തെ യാതൊരു കാര്യവും ഉറപ്പിച്ചു പറയാനോ കണ്ണടച്ചു വിശ്വസിക്കാനോ കണ്ണടച്ചു നിഷേധിക്കാനോ ഞാനില്ല. എനിക്കറിയില്ല എന്നതാണ് ഈ കാര്യത്തില്‍ എന്റെ സുവ്യക്തമായ നിലപാട്.പക്ഷെ മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെ ഞാന്‍ നിഷേധിക്കുന്നു. കാര്യകാരണസഹിതം. അതാണു ഞാന്‍ എന്റെ കുറിപ്പുകളിലൂടെ വിശദീകരിക്കുന്നത്.

ചര്‍ച്ച തുടരാം....!

ഇ.എ.ജബ്ബാര്‍

1 comment:

പ്രതിവാദം said...

ഇ.എ.ജബ്ബാര്‍ പറയുന്നു.

ഇതൊക്കെ ബാലിശമായ വാദക്കസര്‍ത്തുകളാണല്ലോ സുഹൃത്തേ. ഓരോ ജീവിക്കും അതിന്റെ തനതു സ്വഭാവവും രൂപവുമൊക്കെ തലമുറകള്‍ കൈമാറി പകരാനും ആ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്താനും സഹായകമാകുന്നത് അതാതു ജീവിയുടെ കോശങ്ങള്‍ക്കകത്തെ ജനിതകഘടകങ്ങളാണെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഓരോ സവിശേഷതയെയും പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ജീനുകളെ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും പുരോഗമിക്കുന്നു. പറഞ്ഞു വരുന്നത് എല്ലാ ജന്തുക്കളെയും അവയുടെ സ്വഭാവം പരിശീലിപ്പിക്കാന്‍ ഒരു ദൈവം ഓടി നടന്ന് പെടാപ്പാടു പെടുന്നൊന്നുമില്ല എന്നും ജൈവലോകത്തെ ഇത്തരം എല്ലാ അല്‍ഭുതങ്ങളും ജൈവരസതന്ത്രപരമായും ജനിതകവിജ്ഞാനപരമായുമൊക്കെ വിശദീകരിക്കാന്‍ കഴിയും എന്നുമാണ്.. പക്ഷെ എത്ര വിശദീകരിച്ചാലും പ്രപഞ്ചത്തിലെ അല്‍ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യര്‍ക്കറിയാന്‍ കഴിയാത്ത അനേകം കാര്യങ്ങള്‍ പിന്നെയും അവശേഷിക്കും. അറിയാന്‍ പാടില്ലത്തതൊക്കെ ദൈവം സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും എന്നു മാത്രം വിശദീകരിച്ചാല്‍ വിശ്വാസിക്കു പണി എളുപ്പമായി. പക്ഷെ സത്യങ്ങള്‍ അന്യേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്ന മനുഷ്യനെ ആ വിശദീകരണം ഒരു കാലത്തും തൃപ്തിപ്പെടുത്തുന്നില്ല. നബിയും കൂട്ടരും ജീവിച്ചിരുന്ന കാലത്ത് മഴ എന്നാല്‍ അത് അല്ലാഹു ആകാശത്തുനിന്നും ഇറക്കിത്തരുന്ന ഒരല്‍ഭുതപ്രതിഭാസം ആയിരുന്നു. എന്നാല്‍ ആ വിശദീകരണം കൊണ്ടു മാത്രം തൃപ്തി വരാത്ത അന്യേഷണകുതുകിയായ മനുഷ്യര്‍ മഴയുടെ രഹസ്യം കണ്ടെത്തി. അത് ഭൂമിയില്‍ തന്നെ നടക്കുന്ന ഒരു ഭൌതികപ്രതിഭാസമാണെന്നു നമുക്കെല്ലാം ബോധ്യമായി. ഇവിടെ അല്ലാഹു ഇറക്കുന്നതാണു മഴ എന്ന പ്രസ്താവനയെ നമുക്കൊന്നു പരിശോധിക്കാം. മഴ പെയ്യാന്‍ കാരണമാകുന്ന ഭൌതിക സാഹചര്യങ്ങളില്‍ എവിടെയാണ് അല്ലാഹുവിന്റെ റോള്‍? സൂര്യന്റെ ചൂട് ഭൂമിയിലെത്തിക്കാന്‍ അല്ലാഹു പ്രത്യേകമായി വല്ലതും ചെയ്യുന്നുണ്ടോ? ജലം ഭാഷ്പീകരിക്കുന്നേടത്ത് അല്ലാഹു വല്ലതും ചെയ്യുന്നുണ്ടോ? .. ഇല്ല. എല്ലാം പ്രത്യേക പ്രകൃതിനിയമങ്ങളാല്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു എന്നേ പറയാന്‍ പറ്റൂ. അല്ലാതെ പ്രകൃതിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും ദൈവം നേരിട്ടിടപെട്ടുകൊണ്ടു നിയന്ത്രിക്കുന്നു എന്നു പറയാനാവില്ല. പക്ഷികള്‍ വീഴാതെ പറക്കുന്നത് അല്ലാഹു അവയെ പിടിച്ചു വെക്കുന്നതുകൊണ്ടാണോ? ആ പിടിച്ചു വെക്കല്‍ വായുവിന്റെ മര്‍ദ്ദമല്ലേ? അപ്പോള്‍ വായുമര്‍ദ്ദമാണോ അല്ലാഹു? ഈ പ്രകൃതി നിയമവ്യവസ്ഥയുടെ ആകെത്തുകയാണോ ദൈവം? അതോ എല്ലാ വ്യവസ്ഥയും സംവിധാനിച്ചുവെച്ച് അതിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണോ ദൈവം? ...ആ ദൈവത്തിനു വിവേകവും തിരിച്ചറിവുമുണ്ടോ? .. അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ..എനിക്കതേകുറിച്ചൊന്നും ഒരറിവും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അറിയാവുന്ന പ്രകൃതി രഹസ്യങ്ങളെക്കുറിച്ചല്ലാതെ പ്രകൃതിക്കപ്പുറത്തെ യാതൊരു കാര്യവും ഉറപ്പിച്ചു പറയാനോ കണ്ണടച്ചു വിശ്വസിക്കാനോ കണ്ണടച്ചു നിഷേധിക്കാനോ ഞാനില്ല. എനിക്കറിയില്ല എന്നതാണ് ഈ കാര്യത്തില്‍ എന്റെ സുവ്യക്തമായ നിലപാട്.പക്ഷെ മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെ ഞാന്‍ നിഷേധിക്കുന്നു. കാര്യകാരണസഹിതം. അതാണു ഞാന്‍ എന്റെ കുറിപ്പുകളിലൂടെ വിശദീകരിക്കുന്നത്.ചര്‍ച്ച തുടരാം....!