Friday, December 26, 2008

ഇ.എ.ജബ്ബാര്‍ മനസ്സുതുറക്കുന്നു

ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു
ഇ.എ.ജബ്ബാര്‍

മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും മതപാഠപുസ്തകങ്ങളില്‍ ഇത്രയും കാലം പഠിപ്പിച്ചിട്ടും നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നുന്നു. എന്തുകൊണ്ട്? മാരിയ്യയെ ഇപ്പോള്‍ പ്രവാചകന്റെ ‘ഭാര്യ’യാക്കാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നു. എന്തുകൊണ്ട്? 1400 കൊല്ലം, നബിക്കു വെപ്പാട്ടിയുണ്ടായിരുന്നുവെന്ന ചരിത്രസത്യം മുസ്ലിംങ്ങളില്‍ കാര്യമായ ഒരു അലോസരവും സൃടിക്കാതിരുന്നത് എന്തുകൊണ്ട്? ഇവിടെയാണു ഞാന്‍ ആദ്യമേ പറയുന്ന ഒരു സംഗതി പ്രസക്തമാകുന്നത്. എന്താണത്? .

മനുഷ്യന്റെ മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷ്യന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കാലഹരണപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്റെ മൂല്യബോധവും ,നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടിന്റെ പ്രതിസന്ധിയില്‍നിന്നാണ് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളുമൊക്കെ പിറവി കൊള്ളുന്നത്.അതു നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ , അതു വിശ്വാസങ്ങളുടെ ആയുസ്സു നീട്ടാനും നിലനിര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ളതാകരുത് . പിന്നെയോ? സമുദായത്തെ പരിഷ്കരിക്കാനാകണം. മതപരമായി നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനാകണം. ഉദാഹരണത്തിന്: ബഹുഭാര്യത്വം ഇക്കാലത്ത് സംസ്കാരമുള്ളവരാരും അംഗീകരിക്കുന്ന ഒരു സമ്പ്രദായമല്ല. അതിനു മതത്തില്‍ പ്രൊവിഷന്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയല്ല ചെയ്യേണ്ടത്. അതിനെ മതത്തില്‍നിന്നും എടുത്തു മാറ്റാന്‍ ആവശ്യമായ വ്യാഖ്യാനങ്ങള്‍ നടത്തണം. വെപ്പാട്ടിയെ ഭാര്യയാക്കാന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഇത്തരം കാര്യത്തിലും നടത്തണം. ആമിനവദൂദും, ഫാതിമാ മെനീസിയും ,നവാല്‍ ഷാദാവിയുമൊക്കെ സ്ത്രീപക്ഷവായന കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമതാണ്. ചേകനൂര്‍ മൌലവി അബൂഹുറൈറയെ പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷ്യവും അതായിരുന്നു. ശ്രീനരായണഗുരു ഹിന്ദു മതം കൈകാര്യം ചെയ്തതും അങ്ങനെയായിരുന്നു. ഇതിനു മത നവീകരണം , സാമൂഹ്യ പരിഷ്കരണം, നവോഥാനം എന്നൊക്കെ പറയും.

അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു? അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കച്ചവടനിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദാസിക്കച്ചവടം ഉദാഹരണമാക്കുന്ന മത പാഠപുസ്തകങ്ങള്‍ ഈ ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം. ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണല്ലോ ചിലര്‍ക്കെങ്കിലും അതില്‍ ഒരു അപകര്‍ഷതയും തെറ്റും ഉണ്ടെന്നു തോന്നിയത്. 1400 കൊല്ലമായി എന്തു ജീര്‍ണ്ണതയിലാണു നമ്മള്‍ കമഴ്ന്നുകിടക്കുന്നത് എന്ന തിരിച്ചറിവിലേക്കു നയിക്കാന്‍ ഒരാള്‍ക്കെങ്കിലും ഈ വിമര്‍ശനം പ്രചോദനമായിട്ടുണ്ടെങ്കില്‍ അയാള്‍ നാളെ ഈ പാഠപുസ്തകത്തില്‍ മാറ്റം വേണം എന്നു ചിന്തിക്കുമല്ലോ. ഇത്തരം തിരിച്ചറിവുണ്ടാകണമെങ്കില്‍ ഇസ്ലാം പോലുള്ള ഒരു മതത്തിന് വയറിളക്കാന്‍ പോന്ന കടുത്ത മരുന്നു തന്നെ വേണം.

മതത്തില്‍ കാലഹരണപ്പെട്ട സംഗതികളുണ്ടെന്നു സമ്മതിക്കാനാണല്ലോ മൌലികവാദികള്‍ക്കു മടി. അതു സമ്മതിപ്പിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തുന്നത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായി. അതൊക്കെ മാറണം എന്ന ചിന്ത ഉടലെടുക്കും കുറച്ചു പേരുടെ മനസ്സിലെങ്കിലും തീ കോരിയിടാന്‍ എന്റെ വിമര്‍ശനങ്ങള്‍ക്കാകുന്നുണ്ട് എന്നതിന് എനിക്ക് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്.

എന്റെ വിമര്‍ശനം കൊണ്ട് കുറെ പേര്‍ യുക്തിവാദികളാകുന്നു എന്നോ ആകട്ടെ എന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍നിന്ന് കുറെ പേര്‍ക്കെങ്കിലും , മതവും മതസദാചാരവും ഇന്നത്തെ നിലയില്‍ തുടരേണ്ടതല്ല, മാറേണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നാണു ഞാന്‍ അവകാശപ്പെടുന്നത്. അത് പെട്ടെന്നാരും അംഗീകരിച്ചു തരുകയില്ല. പക്ഷെ ഇന്നെന്റെ നേരെ കുരച്ചു ചാടുന്ന പലരും നാളെ മാറും. എനിക്കുറപ്പുണ്ട്. എനിക്കത്തരം‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്. കുറെ പേര്‍ അവിശ്വാസികളാകും. കുറെ പേര്‍ ,നവീകരണവാദികളാകും , കുറെ പേര്‍ വിശ്വാസം നഷ്ടപ്പെട്ടാലും കപടവിശ്വാസികളായി തുടരും -അവരൊരിക്കലും തീവ്രവാദികളോ ഭീകരരോ ആവാനിടയില്ലെന്നെങ്കിലും ആശ്വസിക്കാമല്ലോ- ഇതാണ് ഈ കാര്യത്തില്‍ എന്റെ കാഴ്ച്ചപ്പാട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പുരോഗമനവാദികള്‍ തന്നെ പലപ്പോഴും എന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അഭിപ്രായം വരട്ടെ ; നിലപാടു മാറ്റണമെങ്കില്‍ അതു ബോധ്യപ്പെട്ടാല്‍ ഞാന്‍ അതിനും തയ്യാറാണ്.

അഭിപ്രായം രേഖപ്പെടുത്തുക

1 comment:

പ്രതിവാദം said...

അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു? അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.